Kerala
തിരുവനന്തപുരം: തുലാവർഷത്തിന് ശക്തി കുറയുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂരും കാസർഗോഡും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ പെയ്യും.
കടലാക്രമണം ശക്തമായതിനാൽ 27 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സിപിഐ പോലും അറിയാതെയാണ് പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോദിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് ഒപ്പുവച്ചത്. സിപിഎം- ബിജെപി ബന്ധത്തിന് ഇടനിലയായിരിക്കുകയാണ് പിഎം ശ്രീയെന്നും സതീശൻ കൂട്ടിച്ചേർത്തു.
സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണ്. നിബന്ധനകളിൽ എതിർപ്പ് അറിയിക്കാതെയാണ് ഒപ്പ് വച്ചിരിക്കുന്നത്. ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കിയില്ല. സിപിഐയേക്കാൾ വലുതാണ് സിപിഎമ്മിന് ബിജെപി എന്ന് തെളിയിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി ഇടതു മുന്നണിയിൽ പൊട്ടിത്തെറി. സിപിഐയുടെ കടുത്ത എതിർപ്പിനു പുല്ലുവില നൽകി വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചതാണ് ഇടതുമുന്നണിയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.
സിപിഐ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സിപിഎം വിഷയം കൈകാര്യം ചെയ്തതെന്ന വികാരമാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. ഒരു ഘടകകക്ഷിയോടു കാണിക്കേണ്ട യാതൊരു മര്യാദയും പ്രകടിപ്പിക്കാതെ സിപിഎം പിഎംശ്രീയിൽ ഒപ്പുവച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിലും പരസ്യമായും പദ്ധതിയോടുള്ളഎതിർപ്പ് സിപിഐ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇടതു മുന്നണിയിൽ ചർച്ച ചെയ്യാൻ സിപിഎം തയാറായില്ല.ആർജെഡിക്കും നീരസം
ഇടതു മുന്നണിയിലുള്ള ആർജെഡിയും ഇക്കാര്യത്തിൽ നീരസം പരസ്യമായി പ്രകടിപ്പിച്ചു. പദ്ധതി സംബന്ധിച്ച് ഇടതുമുന്നണിയിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആർജെഡിയും തുറന്നടിച്ചു. രാവിലെ മാധ്യമങ്ങളെ കണ്ട മന്ത്രി കെ.രാജൻ പാർട്ടിയുടെ നിലപാട് സെക്രട്ടറി ബിനോയി വിശ്വം പറയുമെന്നാണ് അറിയിച്ചത്.
ഇതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട സന്തോഷ്കുമാർ എംപി കടുത്ത വിമർശനമാണ് സിപിഎമ്മിനെതിരേ ഉയർത്തിയത്. ഗോളി തന്നെ ഗോൾ അടിക്കുന്ന ഇടപാടാണ് നടന്നത്, മുന്നണിമര്യാദയുടെ ലംഘനം, തലയിൽ മുണ്ടിട്ടുപോയി ഒപ്പിട്ടു എന്നിങ്ങനെ രൂക്ഷമായ പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്.
എഐഎസ്എഫ് രംഗത്ത്
സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടു വിമർശിച്ചു രംഗത്തുവന്നു. വഞ്ചനാപരമായ നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്നായിരുന്നു അവരുടെ വിമർശനം. ഇതിനിടെ. സിപിഐ അടിയന്തര യോഗം ചേർന്നേക്കുമെന്നു സൂചനയുണ്ട്.
ഒപ്പം ഇടതുമുന്നണിയിലെ മറ്റു കക്ഷികളുമായും സംസാരിക്കും. തുടർന്ന് എതിർപ്പ് മുഖ്യമന്ത്രിയെ അറിയിക്കാനാണ് നീക്കം. വിഷയത്തിൽ സിപിഐ സെക്രട്ടറി മാധ്യമങ്ങളെ കാണും. വൈകുന്നേരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിക്കുകയാണ് വിദ്യാഭ്യാസമന്ത്രിയുടെ ലക്ഷ്യമെന്നു കരുതുന്നു.
ഞെട്ടലിൽ ഇടതുകേന്ദ്രങ്ങൾ
അതേസമയം, തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സമയത്ത് മുന്നണിയിലുണ്ടായ കലഹം ഇടതുകേന്ദ്രങ്ങളെ അന്പരപ്പിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്തും പരസ്പരം സംസാരിച്ചും തീർക്കുന്നതിനു പകരം പ്രകോപനപരമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോയതെന്ന ആക്ഷേപമാണ് ഉയരുന്നത്.
എടുത്തുചാടി പിഎംശ്രീയിൽ വിദ്യാഭ്യാസവകുപ്പ് ഒപ്പിടുമെന്ന് സിപിഐ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ചർച്ചയ്ക്കോ സമവായത്തിനോ ശ്രമിക്കാതെ പ്രകോപനപരമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടികളെടുത്തതെന്ന നിഗമനത്തിൽ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലേക്കു നീങ്ങിയിരിക്കുകയാണ് സിപിഐ.
സിപിഎമ്മിനേക്കാൾ ഭേദം കോൺഗ്രസ് ആണെന്ന ഗൗരവതരമായ അഭിപ്രായങ്ങൾ പോലും സിപിഐ യോഗത്തിൽ ഉയർന്നെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
Kerala
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവച്ച വിദ്യാഭ്യാസവകുപ്പിന്റെ നടപടിയിൽ സിപിഐക്ക് കടുത്ത അതൃപ്തി. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും.
മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും. പ്രതിഷേധം കണക്കിലെടുക്കാതെ ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ തെരുവിൽ വ്യാപക സമരം നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കാൻ ഇടയായ സാഹചര്യം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വിശദീകരിക്കും.
Kerala
ന്യൂഡൽഹി: പിഎം ശ്രീ വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടും. സിപിഐ ഉയർത്തിയ വിമർശനം അടക്കം എൽഡിഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ കേന്ദ്രനിലപാട് ഒരു കാരണവശാലും കേരളം അംഗീകരിക്കില്ല. വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് മോദി സർക്കാർ. കേന്ദ്രനയം അംഗീകരിക്കാതെ എങ്ങനെ പദ്ധതിയുടെ ഗുണം സംസ്ഥാനത്തിന് ലഭ്യമാക്കും എന്നാണ് നോക്കുന്നതെന്നും എം.എ. ബേബി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്സൽ ചൊവ്വാഴ്ച നടക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക.
രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂർഖാ വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോലീസ് കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്ന് പമ്പയിലെത്തി വീണ്ടും സുരക്ഷ വിലയിരുത്തും. നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ചൊവ്വാഴ്ച കേരളത്തിലെത്തും.
വൈകുന്നേരം 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ച രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും.
റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും. 11.55 മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകുന്നേരം 5.30ന് രാജ്ഭവനിൽ മടങ്ങിയെത്തും.
Sports
ബ്യൂനസ് ഐറിസ്: സംഘാടകർ തുടർച്ചയായി കരാർ ലംഘിക്കുന്നതിനാൽ അര്‍ജന്റീന ടീമിന്റെ കേരളാ സന്ദര്‍ശനം അനിശ്ചിതത്വത്തിൽ. നവംബറിൽ നടത്താനിരുന്ന പര്യടനം ഉപേക്ഷിച്ചെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമമായ ലാ നാസിയോൺ റിപ്പോർട്ട് ചെയ്തു.
പര്യടനം യാഥാർഥ്യമാക്കാൻ ഞങ്ങൾ ശ്രമിച്ചു. ഞങ്ങളുടെ പ്രതിനിധി കേരളത്തിലെത്തി. സ്റ്റേഡിയവും ഹോട്ടലും സന്ദർശിച്ചു. പക്ഷേ ആവശ്യപ്പെട്ട ക്രമീകരണങ്ങൾ സജ്ജമാക്കാൻ അവർക്കു സാധിച്ചിട്ടില്ല. നവംബറിനു പകരം മാർച്ചിൽ പര്യടനം നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളാ സന്ദർശനത്തിൽ നിന്നും അർജന്റീന ടീം പിൻമാറിയെന്ന തരത്തിൽ ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കായിക മന്ത്രി വി.അബ്ദു റഹിമാൻ പറഞ്ഞു. നവംബര്‍ 17 ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്സര് പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരേ കേരളത്തിന് ആറുവിക്കറ്റ് നഷ്ടം. മൂന്നാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ കേരളം ഒന്നാമിന്നിംഗ്സിൽ ആറിന് 152 റൺസെന്ന നിലയിലാണ്. 10 റൺസുമായി സൽമാൻ നിസാറും രണ്ടു റൺസുമായി അങ്കിത് ശർമയുമാണ് ക്രീസിൽ. മഹാരാഷ്ട്രയുടെ 239 റൺസിനെതിരേ ഇപ്പോഴും 88 റണ്‍സ് പിന്നിലാണ് കേരളം.
മൂന്നുവിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് സ്കോർ 75 റൺസിൽ നില്‍ക്കെ സച്ചിൻ ബേബിയുടെ (ഏഴ്) വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടർന്ന് ക്രീസിൽ ഒന്നിച്ച സഞ്ജു സാംസണിന്റെയും (54) മുഹമ്മദ് അസ്ഹറുദ്ദീന്റെയും (36) ചെറുത്തുനില്പാണ് കേരളത്തെ നൂറുകടത്തിയത്.
63 പന്തിൽ അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 54 റൺസെടുത്ത സഞ്ജുവാണ് കേരള നിരയിലെ ടോപ് സ്കോറർ. സ്കോർ 132 റൺസിൽ നില്‍ക്കെ സഞ്ജുവിനെ പുറത്താക്കി വിക്കി ഒസ്ത്വാൾ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഒമ്പതു റൺസിനിടെ അസ്ഹറുദ്ദീനെയും ഓസ്ത്വാൾ പുറത്താക്കിയതോടെ കേരളം ആറിന് 141 റൺസെന്ന നിലയിലേക്ക് വീണു.
മഹാരാഷ്ട്രയ്ക്കു വേണ്ടി രജനീഷ് ഗുർബാനി, വിക്കി ഒസ്ത്വാൾ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജലജ് സക്സേന, രാമകൃഷ്ണ ഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
International
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ എത്തി. ഇന്നു വൈകുന്നേരം 6.30 ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച അർധരാത്രി 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കണ്‍വീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കണ്ട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റിനിൽ എത്തിയത്. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ മഹാരാഷ്ട്രയുടെ ഒന്നാമിന്നിംഗ്സ് 239 റൺസിൽ അവസാനിച്ചു. മഴ വില്ലനായ രണ്ടാംദിനം ഏഴിന് 179 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച മഹാരാഷ്ട്രയ്ക്ക് 60 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ.
വെറും 49 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ എം.ഡി. നിതീഷാണ് മഹാരാഷ്ട്രയെ എറിഞ്ഞിട്ടത്. എൻ.പി. ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം - മഹാരാഷ്ട്ര മത്സരം രണ്ടാം ദിനം പുനരാരംഭിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ആദ്യ സെഷന് നഷ്ടമായതോടെ ഉച്ചഭക്ഷണത്തിനു ശേഷമാണ് രണ്ടാം ദിനം ആരംഭിച്ചത്.
ഏഴിന് 179 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര ഇന്ന് ബാറ്റിംഗിനെത്തിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മഹാരാഷ്ട്ര ഏഴു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന നിലയിലാണ്. 25 റൺസുമായി വിക്കി ഒസ്ത്വാളും 18 റൺസുമായി രാമകൃഷ്ണ ഘോഷുമാണ് ക്രീസില്‍.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ തുടക്കത്തിലെ കൂട്ടത്തകർച്ചയ്ക്കു ശേഷം മഹാരാഷ്ട്ര കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ് സന്ദർശകർ. 67 റൺസുമായി ഋതുരാജ് ഗെയ്ക്വാദും 41 റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിൽ.
ഒരു ഘട്ടത്തിൽ അഞ്ചു റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായതിനു ശേഷമാണ് മഹാരാഷ്ട്രയുടെ ചെറുത്തുനില്പ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്രയുടെ തുടക്കം തകർച്ചയോടെയാണ്. സ്കോർബോർഡ് തുറക്കുന്നതിനു മുമ്പുതന്നെ നാലു മുൻനിര ബാറ്റർമാർ കൂടാരംകയറി. പൃഥ്വി ഷാ (പൂജ്യം), അർഷിൻ കുൽക്കർണി (പൂജ്യം), സിദ്ധേഷ് വീർ (പൂജ്യം), ക്യാപ്റ്റൻ അങ്കിത് ബാവ്നെ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
പിന്നാലെ ക്രീസിൽ ഒന്നിച്ച സൗരഭ് നവാലെയും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമം ആരംഭിച്ചു. എന്നാൽ, സ്കോർ 18 റൺസിൽ നില്‍ക്കെ 12 റൺസെടുത്ത നവാലെയെ എം.ഡി. നിതീഷ് വിക്കറ്റിനു മുന്നിൽ കുടുക്കി. ഇതോടെ, മഹാരാഷ്ട്ര അഞ്ചിന് 18 റൺസെന്ന നിലയിൽ തകർന്നു. തുടർന്നാണ് ഗെയ്ക്വാദും സക്സേനയും ക്രീസിൽ ഒന്നിച്ചത്.
കേരളത്തിനു വേണ്ടി എം.ഡി. നിതീഷ് മൂന്നു വിക്കറ്റും എൻ.പി. ബേസിൽ രണ്ടുവിക്കറ്റും വീഴ്ത്തി.
2024-25 സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ കളിച്ചതിന്റെ ആവേശത്തോടെയാണ് പുതിയ സീസണിനു തുടക്കം കുറിക്കാന്‍ കേരളം ഇറങ്ങുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണ് മടങ്ങി എത്തിയതും പുതിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃപാടവവും യുവതാരങ്ങളുടെ സാന്നിധ്യവുമാണ് ഇത്തവണ കേരളത്തിന്റെ പ്ലസ് പോയിന്റുകള്‍.
രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിന്റെ (2024-25) ഓര്‍മകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കേരളം ഇറങ്ങുന്നത്. ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാതെയായിരുന്നു 2024-25 സീസണില്‍ കേരളം ഫൈനലില്‍ എത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടിയതിന്റെ ബലത്തിലായിരുന്നു കേരളത്തെ ഫൈനലില്‍ വിദര്‍ഭ മറികടന്നതെന്നതും ശ്രദ്ധേയം. കര്‍ണാടക, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ കരുത്തുറ്റ ടീമുകള്ക്കൊപ്പമായിരുന്ന കേരളം, രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്.
കേരളം പ്ലേയിംഗ് ഇലവൻ: മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, ബാബാ അപരാജിത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിതീഷ്, എൻ.പി. ബേസിൽ. ഏദൻ ആപ്പിൾ ടോം.
മഹാരാഷ്ട്ര പ്ലേയിംഗ് ഇലവൻ: അങ്കിത് ബാവ്നെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അർഷിൻ കുൽക്കർണി, സിദ്ധേഷ് വീർ, ഋതുരാജ് ഗെയ്ക്വാദ്, സൗരഭ് നവാലെ, ജലജ് സക്സേന, വിക്കി ഓസ്ത്വാൾ, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, രജനീഷ് ഗുർബാനി.
Kerala
തിരുവനന്തപുരം: തുലാവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വ്യാഴാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തുലാവർഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമായതിനാൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇക്കുറി തുലാവർഷം തുടക്കത്തിൽ തന്നെ കനക്കാനാണ് സാധ്യത.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് 2025-26 സീസണിന് ബുധനാഴ്ച തുടക്കം. നിലവിലെ ഫൈനലിസ്റ്റുകളായ കേരളം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്രയെ നേരിടും. രാവിലെ 9.30 മുതലാണ് മത്സരം.
2024-25 സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ കളിച്ചതിന്റെ ആവേശത്തോടെയാണ് പുതിയ സീസണിനു തുടക്കം കുറിക്കാന്‍ കേരളം ഇറങ്ങുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണ് മടങ്ങി എത്തിയതും പുതിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃപാടവവും യുവതാരങ്ങളുടെ സാന്നിധ്യവുമാണ് ഇത്തവണ കേരളത്തിന്റെ പ്ലസ് പോയിന്റുകള്‍. മത്സരം ജിയോഹോട്ട്സ്റ്റാറില്‍ തത്സമയം.
രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിന്റെ (2024-25) ഓര്‍മകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കേരളം ഇറങ്ങുന്നത്. ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാതെയായിരുന്നു 2024-25 സീസണില്‍ കേരളം ഫൈനലില്‍ എത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടിയതിന്റെ ബലത്തിലായിരുന്നു കേരളത്തെ ഫൈനലില്‍ വിദര്‍ഭ മറികടന്നതെന്നതും ശ്രദ്ധേയം. കര്‍ണാടക, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ കരുത്തുറ്റ ടീമുകള്ക്കൊപ്പമായിരുന്ന കേരളം, രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്.
Kerala
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളാ സന്ദർശവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രിമാരായ വി.അബ്ദുറഹിമാന്, പി.രാജീവ്, ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. സ്റ്റേഡിയത്തിന് കർശന സുരക്ഷ ഒരുക്കണമെന്നും വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു.
ജില്ലാതലത്തിലെ ഏകോപന ചുമതല കളക്ടർക്ക് നൽകി. കഴിഞ്ഞദിവസം അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാതൃകയിൽ സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്കും സ്വർണക്കപ്പ് നൽകാൻ സർക്കാർ തീരുമാനം. ഏറ്റവും കൂടുതൽ പോയിന്റ് നേടി ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പാണ് നല്‍കുന്നത്. തിരുവനന്തപുരത്ത് വച്ചാണ് ഈ വർഷത്തെ സ്കൂള്‍ ഒളിമ്പിക്സ്.
നേരത്തെ, ശാസ്ത്രമേളയ്ക്ക് ഒരു കിലോ തൂക്കമുള്ള സ്വർണക്കപ്പ് നൽകാനായി വിദ്യാർഥികളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നെങ്കിലും കപ്പ് നിർമിച്ചിരുന്നില്ല. ഈ പണവും കായികമേളയ്ക്കുള്ള സ്പോണ്‍സർഷിപ്പ് പണവും ഉപയോഗിച്ചാകും കപ്പ് നിർമിക്കുക.
Kerala
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേര്‍ക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷനെത്തും. ഓണത്തിന് രണ്ടു മാസത്തെ പെന്ഷന് 3200 രൂപ വീതം വിതരണം ചെയ്തിരുന്നു.
8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചു. ഈ വിഹിതം കേന്ദ്രസര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യേണ്ടത്.
Sports
കൊച്ചി: ലയണൽ മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിന് മുന്നോടിയായി ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്തി.
മത്സരം നടക്കുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിക്കുന്നതിനൊപ്പം സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ടീം മാനേജർ വിലയിരുത്തും. ഒപ്പം കായികമന്ത്രി വി. അബ്ദുറഹിമാനുമായും കൂടിക്കാഴ്ച നടത്തും.
ടീം താമസിക്കുന്ന ഹോട്ടല്‍, ഭക്ഷണം, യാത്രകള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകും.
നവംബര്‍ 15നാണ് അര്‍ജന്റീന ടീം കേരളത്തിലെത്തുന്നത്. കേരളത്തില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. 15നും 18നും ഇടയിലാണ് മത്സരം. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും പുറത്ത് വിട്ടിട്ടുണ്ട്.
Kerala
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര ഇന്ന് കൊച്ചിയിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം ടീമിന്റെ മത്സരം നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിക്കുന്ന അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങളടക്കം വിലയിരുത്തും.
തുടര്‍ന്ന് മന്ത്രി വി. അബ്ദുറഹിമാനുമായും കൂടിക്കാഴ്ച നടത്തും. ടീം താമസിക്കുന്ന ഹോട്ടല്‍, ഭക്ഷണം, യാത്രകള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകും.
കഴിഞ്ഞിടെ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ സെക്യൂരിറ്റ് ഓഫീസര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
നവംബര്‍ 15നാണ് അര്‍ജന്റീന ടീം കേരളത്തിലെത്തുന്നത്. കേരളത്തില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. പതിനെഞ്ചിനും പതിനെട്ടിനും ഇടയിലാണ് മത്സരം. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും പുറത്ത് വിട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദം പൂർത്തിയായി. ഗവർണർ എതിരാളിയല്ലെന്നും ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും കേരളം സുപ്രീം കോടതിയിൽ പറഞ്ഞു.
ദന്തഗോപുരങ്ങളില്‍ വസിച്ച് മാസങ്ങളെടുത്തല്ല നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടതെന്ന് കേരളം വിമർശിച്ചു. നിയമനിര്‍മാണ സഭയുടെ ഭാഗമാണ് ഗവര്‍ണര്‍. അതുകൊണ്ട് തന്നെ സഭ പാസാക്കുന്ന ബില്ലുകളെ സംബന്ധിച്ച കൃത്യമായ ധാരണ ഗവര്‍ണര്‍ക്കും ഉള്ളതാണ്. ഗവര്‍ണര്‍ക്ക് ജനങ്ങളോട് ബാധ്യത ഉണ്ടെന്നും കേരളത്തിനെ പ്രതിനിധീകരിച്ച് കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.
സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് വേണം പ്രവർത്തിക്കേണ്ടത്. ബില്ലുകൾ റദ്ദാക്കപ്പെടുമ്പോൾ അതിന്റെ കാരണവും പറയണം. നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല. മന്ത്രിമാരുമായി ബില്ലിനെ കുറിച്ച് സംസാരിച്ചതിനുശേഷം ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കേരളം വാദത്തിൽ ചൂണ്ടിക്കാട്ടി.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിയമപരമായി ശരിയാണെന്നും കേരളം കോടതിയില്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രപതിയുടെ റഫറന്‍സ് ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായിയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെ.കെ. വേണുഗോപാലിന് പുറമെ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാല കൃഷ്ണ കുറുപ്പ്, സീനിയര്‍ അഭിഭാഷകന് പി.വി. സുരേന്ദ്ര നാഥ്, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സി.കെ. ശശി, സീനിയര്‍ ഗവൺമെന്റ് പ്ലീഡര്‍ വി. മനു എന്നിവര്‍ ഹാജരായി.
Kerala
കോട്ടയം: ഓണത്തിന്റെ വരവറിയിച്ച് ചിങ്ങമാസത്തിലെ അത്തം പിറന്നു. ഇനിയുള്ള പത്താം നാള് മലയാളികള്‍ തിരുവോണം ആഘോഷിക്കും. ഓണത്തിന്റെ പ്രധാനചടങ്ങിൽ ഒന്നാണ് അത്തപ്പൂക്കളം ഒരുക്കുക.
ഓണക്കാലത്ത് മലയാളികൾക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിക്കുന്ന അത്തം പിറക്കുന്നതോടെ നാടും നഗരവും ഓണത്തിന്റെ ആവേശത്തിലേയ്ക്ക് കടക്കും. തൊടികളിൽനിന്നു തുന്പയും തുളസിയും മുക്കുറ്റിയും കാക്കപ്പൂവും കോളാന്പിപ്പൂവും ശേഖരിച്ച് മുറ്റത്ത് കളമെഴുതി അത്തം മുതൽ പൂക്കളമിടുന്ന ശീലം മലയാളിയ്ക്ക് അന്യമായെങ്കിലും ഇതിന്റെ സ്മരണകളുണർത്തി ഇന്നു മുതൽ നാടൊട്ടുക്കും അത്തപ്പുക്കളങ്ങൾ നിറയും.
വിവിധ സംഘടനകൾ ഒരുക്കുന്ന പൂക്കള മത്സരങ്ങളും ഇന്നു മുതൽ സജീവമാകും. ഇതിനു പുറമേ ഓണത്തിന്റെ വരവറിയിച്ച് വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കു മുന്നിലും പൂക്കളങ്ങളൊരുങ്ങും.
ഓണത്തിന് പൂക്കളമൊരുക്കാൻ നാട്ടുപൂക്കൾ തേടി നടക്കുന്ന പതിവു തന്നെയില്ലാതായി. അത്തം മുതൽ 10 ദിവസം മുതൽ നടക്കുന്ന പൂവിടലലിൽ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള പൂക്കളങ്ങളാണ് ഒരുക്കുന്നത്.
ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പവും രൂപവും വ്യത്യാസപ്പെട്ടിരിക്കും. ഇപ്പോൾ പൂക്കടകളിൽനിന്നു വാങ്ങുന്ന ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമുല്ലി, ബട്ടണ്‍റോസ് തുടങ്ങി വിവിധയിനം പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം തയാറാക്കുന്നത്.
കൂടാതെ വിവിധയിനം ഇലകളും പച്ചക്കറികളും പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നുണ്ട്. ക്ലബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ ഇന്നു മുതൽ പൂക്കള മത്സരങ്ങൾ അരങ്ങേറും.
ഇനി അത്തപ്പൂവിടാൻ മെനക്കെടാത്തവർക്കായി റെഡിമെയ്ഡ് പൂക്കളങ്ങളും വിപണിയിൽ എത്തിക്കഴിഞ്ഞു. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള റെഡിമെയ്ഡ് പൂക്കളങ്ങളാണ് വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. അത്തം മുതൽ പത്തു ദിവസവും ഇത് ഉപയോഗിക്കാം.
പൊടി തട്ടിയെടുത്ത് സൂക്ഷിച്ചാൽ അടുത്ത വർഷങ്ങളിലും പൂക്കളം ഇടാൻ ബുദ്ധിമുട്ടേണ്ടി വരില്ല. പല വലുപ്പത്തിലും ഡിസൈനിലുമുള്ള പൂക്കളങ്ങളാണ് വിൽപ്പനയ്ക്കായുള്ളത്. ഒട്ടേറെ സ്ഥാപനങ്ങളിൽ ഇപ്പോൾ റെഡിമെയ്ഡ് പൂക്കളങ്ങളാണ് ഉപയോഗിക്കുന്നത്.
National
ന്യൂഡൽഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സിന് പിന്നിൽ കേന്ദ്രസർക്കാരെന്ന് കേരളം സുപ്രീം കോടതിയിൽ. സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വാദിച്ചു.
എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതല. അതിനെ മറികടന്ന് പോകുക എന്നതല്ലെന്നും കേരളം വാദിച്ചു. അതേസമയം, രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് തമിഴ്നാടിന് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
രാഷ്ട്രപതി നൽകിയ റഫറൻസ് നിലനിൽക്കുമോ എന്നുള്ളതിലാണ് ഇപ്പോൾ വാദം നടക്കുന്നത്. ഈ റഫറൻസ് നിലനിൽക്കില്ല എന്ന വാദമാണ് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉന്നയിക്കുന്നത്.
അതേസമയം, റഫറന്‍സ് അയക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിനായി എജിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് വാദിക്കുന്നത്.
Sports
തിരുവനന്തപുരം: ഇന്ത്യ ആതിഥ്യംവഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരവും വേദിയാകുന്നു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് മാറ്റാനാണ് നീക്കം.
ആർസിബിയുടെ ഐപിഎൽ കിരീടാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ പൂര്‍ണമായും തിരുവനന്തപുരത്തേക്ക് മാറ്റുകയാണെങ്കില്‍ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയാകും. സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്.
ഒക്ടോബര്‍ മൂന്നിനുള്ള ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടത്തിനും ഒക്ടോബര്‍ 26ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിനും ഒക്ടോബര്‍ 30ന് നടക്കുന്ന രണ്ടാം സെമിഫൈനല്‍ പോരാട്ടത്തിനും തിരുവനന്തപുരം വേദിയാകും. ടൂർണമെന്റിനു മുന്നോടിയായി സെപ്റ്റംബർ 25, 27 തീയതികളിൽ സന്നാഹ മത്സരങ്ങളുമുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. നാല് കളക്ടർമാർ അടക്കം 25 ഐഎഎസ് ഉദ്യോസ്ഥരെ സ്ഥലംമാറ്റി. ജി.പ്രിയങ്ക(എറണാകുളം), എം.എസ്.മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ.ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണു പുതിയ കളക്ടർമാർ.
പൊതുവിഭ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനെ തൊഴിൽ വകുപ്പിന്റെ സ്പെഷൽ സെക്രട്ടറിയാക്കി. എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.കെ. ഉമേഷാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ. കെഎഫ്സി എംഡിയുടെ അധിക ചുമതലയും ഉമേഷിന് നൽകി.
പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ഡോ.കെ.വാസുകിയെ നിയമിച്ചു. ആരോഗ്യവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായും ബി.അബ്ദുൽനാസറിനെ ന്യൂനപക്ഷ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു.
ഡോ.എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ചുമതലയും വഹിക്കും. എ.ഗീതയെ ഹൗസിംഗ് ബോർഡിന്റെയും നിർമിതി കേന്ദ്രത്തിന്റെയും ഡയറക്ടർ ചുമതലയിൽ നിയമിച്ചു. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു.
വി.വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു.
District News
വിദ്യാർഥിയെയും മാതാവിനെയും ചെയർമാൻ ആക്രമിച്ചെന്ന് ആരോപണം
കാട്ടാക്കട: കണ്ടല കേരള അക്കാഡമി ഓഫ് ഫാർമസി കോളജിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ യുള്ളവരുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംഘർഷം.
കോളജിലെ വിഷയങ്ങൾ സംസാരിക്കവേ ചെയർമാൻ വിദ്യാർഥിയുടെ മാതാവിന്റെ കൈപിടിച്ച് തിരിച്ചുന്നും വിദ്യാർഥിയെ ചവിട്ടുകയും ഷൂ എടുത്തെറിയാൻ തുനിഞ്ഞെന്നും ആരോപണം. കാട്ടാക്കട ഡിവൈഎസ്പി ഇരിക്കുന്ന വേദിയിൽ ആയിരുന്നു ചെയർമാന്റെ അതിക്രമം. ഇതോടെയാണ് സംഘർമുണ്ടായത്.
ഇതിനെ തുടർന്നു കോളജ് കാമ്പസിനു പുറത്തുണ്ടായിരുന്ന കെഎസ്യു പ്രവർത്തകർ കോളജിനുള്ളിലേക്ക് ഇരച്ചുകയറി. പി ന്നീട് പ്രവർത്തകരും പോലീസും തള്ളലും ഉണ്ടായി. ഇതിനിടെ വിദ്യാർഥിയും മാതാവും പോലീസിനു പരാതിയതിന്റെ അടിസ്ഥാനത്തിൽ ചെയർമാനെ കസ്റ്റഡിയിലെടുക്കാൻ തീരുമാനമായി.
ചെയർമാനെ വിലങ്ങുവച്ചുതന്നെ കൊണ്ടുപോകണമെന്നും ആർഡി ഒ സ്ഥലത്തെത്തി തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ ചെയർമാനെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ വാതിലിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വൈകുന്നേരത്തോടെ മൂന്നു വിദ്യാർഥിനികൾ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കി. വിദ്യാർഥികളും പോലീസുകാരും ഇവരെ അനൂനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. ആർഡിഒ എത്തി പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ താഴേക്കു ചാടുമെന്നും വിദ്യാർഥികൾ പറഞ്ഞു.
ഇതോടെ വീണ്ടും വലിയ സംഘർഷവസ്ഥയുയായി. തുടർന്നു കാട്ടാക്കട തഹസിൽദാർ ശ്രീകുമാർ സ്ഥലത്തെത്തി ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ചെയർമാനുമായി സംസാരിച്ചു വിദ്യാർഥികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാമെന്നു പറഞ്ഞു.ഇതോടെ ചെയർമാൻ അയഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾക്ക് തീരുമാനം ഉണ്ടാക്കാമെന്നറിഞ്ഞതോടെ വിദ്യാർഥിനികൾ താഴെയിറങ്ങി. പ്രശ്നപരിഹാരം കാണുന്നതുവരെ കോളജ് അടച്ചിടാമെന്നു കോളജ് ചെയർമാൻ മുഹമ്മദ് ഷംസീർ ഡിവൈഎസ്പിക്ക് രേഖാമൂലം ഉറപ്പ് നൽകി. കോളജിനെതിരെയുള്ള പരാതികളെക്കുറിച്ചു വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള അന്വേഷണം നടത്തി പരിഹാരം കാണാമെന്നും തഹസിൽദാർ ശ്രീകുമാർ ചർച്ചയ്ക്കുശേഷം വിദ്യാർഥികൾക്ക് ഉറപ്പു നൽകി.ശേഷം ചെയർമാനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. രാത്രി ഏഴര മണിയോടെ പ്രതിഷേധങ്ങൾ അവസാനിച്ചു.
ബുധനാഴ്ച ഉച്ചയോടെ യാണു യോഗം ആരംഭിച്ചത്.യൂണിവേഴ്സിറ്റി നിഷ്കർഷിച്ചിട്ടുള്ള ഫീസിനു പുറമെ പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളിൽനിന്ന് അധിക തുക നൽകാൻ ആവശ്യപ്പെടുന്നുവെന്നാരോപിച്ചു ഇക്കഴിഞ്ഞ ദിവസം കോളജ് മാനേജരെ വിദ്യാർത്ഥികൾ ഗേറ്റിൽ തടഞ്ഞു പ്രതിഷേധിച്ചിരുന്നു.
തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി റാഫിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ബുധനാഴ്ച പ്രശ്ന പരിഹാരത്തിന് യോഗം ചേരാൻ തീരുമാനിച്ചത്. ഈ യോഗത്തിനിടെയാണ് ചെയർമാൻ രക്ഷിതാവിനെയും ഇവരുടെ മകനെയും കൈയേറ്റം ചെയ്തതും തുടർന്നുള്ള സംഭവ വികാസങ്ങൾ ഉണ്ടായതും.
District News
നെടുംകുന്നം: നെടുംകുന്നം എസ്ജെബി എച്ച്എസ്എസിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികളുടെ ഒരുവര്‍ഷം നീളുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍-വിമോക്ഷ 2025 നു തുടക്കം കുറിച്ചു.
നെടുംകുന്നം പള്ളിപ്പടി ജംഗ്ഷനില്‍ നടന്ന സമ്മേളനം വാര്‍ഡംഗം ബീന വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പൽ ഡോ. ഡൊമിനിക് ജോസഫ് സന്ദേശം നല്കി. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സാമൂഹികാവബോധ പ്രവര്‍ത്തനം,
‘’വിമോക്ഷ-ഉണരാം നാടിനായ് അണിചേരാം ലഹരിക്കെതിരായി’’ സ്റ്റിക്കര്‍ പ്രകാശനവും നടന്നു. ബെനഡിക്ട് സാബു, ആദിത്യ എസ്. നായര്‍, ആന്മരിയ സെബാസ്റ്റ്യന്‍, റിനു ജോസഫ്, ഷിജു അലക്സ്, അനുമോള്‍ കെ. ജോണ്‍, നീതു സൂസന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Kerala
സ്വന്തം ലേഖകൻ
കൊച്ചി: നികുതി സമാഹരണത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ടാക്സ് കമ്മീഷണറേറ്റുകൾ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലയ്ക്കു നേട്ടം. മുന്‍ വർഷത്തെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു മാസത്തിലെ ജിഎസ്ടി സമാഹരണത്തില്‍ 18 ശതമാനവും സെന്‍ട്രല്‍ എക്സൈസ് വരുമാനത്തില്‍ 14 ശതമാനവുമാണു വര്‍ധനയുണ്ടായത്. ജിഎസ്ടി നിര്‍വഹണത്തിലെ മികവിനു തിരുവനന്തപുരം സോണിനെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബി ഐസി) മികച്ച സിജിഎസ്ടിയായി തെരഞ്ഞെടുത്തതായും സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന് കൊച്ചിയിൽ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു മാസത്തെ ജിഎസ്ടി സമാഹരണം 3,238 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 4,433 കോടിയുമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു മാസത്തെ കണക്കനുസരിച്ച് ജിഎസ്ടി 3,826 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 5,056 കോടിയുമായി ഉയര്‍ന്നിട്ടുണ്ട്. 2024-25 സാന്പത്തിക വര്‍ഷത്തില്‍ ആകെ ജിഎസ്ടി സമാഹരണം 18,371 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 26,824 കോടിയുമായിരുന്നു.
ജിഎസ്ടി രജിസ്ട്രേഷനായി ലഭിച്ച അപേക്ഷകളില്‍ 55 ശതമാനത്തിലും ഏഴു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിച്ചതിനാണ് സിബിഐസിയുടെ പുരസ്കാരം ലഭിച്ചത്. ജിഎസ്ടി അപ്പീലുകളുടെ എണ്ണത്തില്‍ 83 ശതമാനം പരിഹരിച്ചു. രജിസ്ട്രേഷന് അപേക്ഷകളിലുള്ള നടപടി ദേശീയതലത്തില്‍ 17 ശതമാനമാണ്.
District News
തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ട് വയസുകാരൻ കുറ്റക്കാരനെന്നു കോടതിയുടെ കണ്ടെത്തൽ. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കത്തിൽ വീട്ടിൽ അഫ്സലിനെ ആണ് തിരുവനന്തപുരം പോക്സോ ജഡ്ജി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
രണ്ടായിരത്തി ഇരുപത്തിനാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടശേഷമാണ് വീട്ടിൽ അതിക്രമിച്ചു കയറി പീഡനം നടത്തിയത്.
പ്രോസിക്യൂഷന്റെ എതിർപ്പ് കാരണം പ്രതിക്ക് ജാമ്യം നൽകാതെയാണ് വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. കുറ്റംചെയ്തത് ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തി എന്നാ അപൂർവതകൂടി ഈ കേസിനുണ്ട്.
പേരൂർക്കട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന വി.സൈജു നാഥ്, ജി അരുണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം ഹാജരാക്കിയത്.
District News
ജൂലൈ 15നകം റജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദേശം
വിഴിഞ്ഞം: അനധികൃത ഉല്ലാസ സ്പീഡ് ബോട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കുമെതിരെ നടപടിക്കൊരുങ്ങി അധികൃതർ. ജൂലൈ 15 നുള്ളിൽ നിയമാനുസൃത ഫീസടച്ച് രജിസ്റ്റർ ചെയ്യാത്ത യാനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിനു പരി അവയെ നശിപ്പിച്ച് കളയാനുമാണ് തീരുമാനം.
ജില്ലയിൽ പൂവാർ പൊഴിക്കര, നെയ്യാർ ഡാം, വേളി, വർക്കല കാപ്പിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായി 400-ൽപ്പരം ഇൻലാന്റ് ഉല്ലാസബോട്ടുകൾ ഉള്ളതായി അധികൃതർ പറയുന്നു.
കൂടാതെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കടലിലും നാല്പതോളം ഉല്ലാസബോട്ടുകൾ സർവീസ് തുടരുന്നുണ്ട്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചു കൂടുതൽ എണ്ണം സർവീസ് നടത്തുന്നതായ ആക്ഷേപം നേരത്തെ തന്നെയുണ്ടായിരുന്നു.
ജില്ലയിൽ ഏറ്റവുമധികം ഉല്ലാസ ബോട്ടുകൾ സഞ്ചാരികളുമായി സർവീസ് നടത്തുന്നത് നെയ്യാറിന്റെ പതനസ്ഥലമായ പൂവാർ പൊഴിക്കരയിലാണ്. ഇവിടെ മാത്രം നാന്നൂറോളം സ്പീഡ് ബോട്ടുകൾ ഉള്ളതായാണറിവ്. പൂവാർ, കുളത്തൂർ പഞ്ചായത്തുകളുടെ അതിർത്തി മേഖലയായതിനാൽ പരിശോധനക്കെത്തുന്നവരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാനും ഇവിടെ എളുപ്പമാണ്.
ഇത്തരക്കാരെ കുടുക്കുന്നതിനു കൂടെയാണു നിയമം കർശനമാക്കുന്നത്. കൂടാതെ വൻകിട റിസോർട്ട് ഉടമകൾ നെയ്യാർ കൈ യേറി അനധികൃതമായി നിരവധി ഫ്ലോട്ടിംഗ് റസ്റ്റോറന്റുകൾ നിർമിച്ചിട്ടുള്ളതായും പരാതിയുണ്ട്. സഞ്ചാരികളായെത്തുന്നവരിൽനിന്നു വൻ തുക ഈടാക്കി വർഷങ്ങളായി വാടകക്ക് നൽകുന്നവർക്കെതിരെയും ഇതുവരെയും നടപടിയെടുക്കാനായിട്ടില്ല.
ഉന്നത രാഷ്ട്രീയക്കാരുടെ പിൻബലത്തിലാണ് റിസോർട്ട് കാരുടെ വിലസൽ. പുതിയ നിയമമനുസരിച്ച് ഇത്തരത്തിലുള്ള നിർമിതികളും രജിസ്ട്രേഷൻ പരിധിയിൽ വരുമെന്നാണറിവ്. വിഴിഞ്ഞം തുറമുഖ വകുപ്പ് അധികൃതർക്കാണ് രജിസ്ട്രേനും ലൈസൻസും നൽകാനുമുള്ള അധികാരം. അടുത്ത കാലത്തായി നിയമലംഘനം നടത്തി ഓട്ടം നടത്തിയ നിരവധി ഉല്ലാസ ബോട്ടുകൾ പിടികൂടി പിഴയീടാക്കിയെങ്കിലും ഇപ്പോഴു നിയമലംഘനം തുടരുന്നുണ്ട്.
സഞ്ചാരികളെ കാൻവാസ് ചെയ്യുന്നതിനുള്ള ബോട്ട് ക്ലബുകാരുടെ മത്സരവും അധികൃതർ നിശ്ചയിച്ചിട്ടുള്ളതിൽ കൂടുതൽ അമിത ഫീസ് ഇടാക്കലുമെല്ലാം നിരന്തരതർക്കങ്ങൾക്കും കാരണമായതായി പോലീസ് പറയുന്നു.
നിയമവിരുദ്ധമായി നെയ്യാറിലിറങ്ങുന്ന ബോട്ടുകൾക്കെതിരെ പോലീസ് നടപടികളും തുടരുന്നുണ്ട്. നിയമം കർശനമാക്കുന്നതോടെ നിശ്ചിതയോഗ്യതയുള്ളവരെ കൊണ്ട് ബോട്ട് ഓടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒരു പരിധി വരെ തടയിടാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.